Pages

Wednesday, July 20, 2011

പൊതിച്ചോറ്

വീണ്ടും മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ വന്ന എന്റെ മറ്റൊരു പരീക്ഷണം....



അവിടവിടെ പരതുന്ന ദേവന്റെ കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങിയിരുന്നു. മുനിസിപ്പാലിറ്റിക്കാര്‍ എത്തുന്നതിനു മുന്‍പ് ചവറ്റുകുട്ടയ്ക്ക് അരികില്‍ എത്തിയതാണ്
അയാള്‍. രണ്ടുദിവസമായി പച്ചവെള്ളമല്ലാതെ മറ്റൊന്നും വിശപ്പകറ്റാനായി അയാള്‍ക്ക്
കിട്ടിയിരുന്നില്ല.
തിന്നാന്‍ ഒന്നും കിട്ടാതെ പിന്തിരിയാന്‍ നില്‍ക്കുമ്പോഴാണ് അയാള്‍ രണ്ടുകാലുകള്‍ കാണുന്നത്. എന്താണതെന്ന് എത്തിനോക്കിയ ദേവന്‍ കണ്ടത് ഒരു മനുഷ്യശവമാണ്. നുരയും പതയും വായില്‍ നിറഞ്ഞുനില്‍ക്കുന്ന ആ മനുഷ്യരൂപത്തെ കണ്ട് അയാള്‍ ഭയന്നോടിയില്ല. കാരണം ദേവന്റെ കണ്ണുകള്‍ ശവത്തിനരികെ കിടന്നിരുന്ന പൊതിയില്‍ ആയിരുന്നു.
വിറയ്ക്കുന്ന കൈകളോടെ ദേവന്‍ ആ പൊതി അഴിച്ചു. പകുതിയോളം കഴിച്ച് ബാക്കിയുണ്ടായിരുന്ന ചോറായിരുന്നു അതില്‍. തനിക്കു ആ പൊതിച്ചോറ് കാണിച്ചുതന്ന ദൈവത്തോട് നന്ദി പറഞ്ഞ് ദേവന്‍ ആര്‍ത്തിയോടെ അതു കഴിച്ചുതുടങ്ങി. ദേവന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ പൊങ്ങി. പക്ഷെ, അങ്ങകലെ മുനിസിപ്പാലിറ്റി വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും ദേവന്റെ വായില്‍ നിന്നും നുരയും പതയും വന്നുതുടങ്ങിയിരുന്നു.

No comments:

Post a Comment