Pages

Wednesday, July 20, 2011

യാത്ര

മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ വന്ന എന്റെ മറ്റൊരു കഥ....

ഈ രാത്രി ആരാണ് വണ്ടി വാടകയ്ക്ക് വിളിക്കാന്‍ വന്നിരിക്കുന്നത് എന്ന് കരുതിയാണ് അയാള്‍ വാതില്‍ തുറന്നത്. മലയോരത്തേക്ക് വളരെ ദൂരമുണ്ട്. പക്ഷെ ദൂരത്തേക്കാളേറെ നല്ലൊരു വാടകയില്‍ നോട്ടമിട്ട് കൊണ്ട് അയാള്‍ യാത്രക്കു തയ്യാറായി. വേഷവിധാനം കണ്ടപ്പോള്‍ തന്നെ വണ്ടി വിളിക്കാന്‍ വന്ന മൂന്നുപേരും മൂന്നുമതക്കാരാണെന്ന്‍ അയാള്‍ക്കു
മനസ്സിലായി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി.
വണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ ഹിന്ദുമതക്കാരന്‍ ചോദിച്ചു; “നിങ്ങള്‍ ഹിന്ദുവാണോ?”, അല്ലെന്നായിരുന്നു അയാളുടെ മറുപടി. ദീര്‍ഘയാത്രയായതിനാല്‍ ഒരു ഉറക്കം പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യാത്രക്കാര്‍. മറ്റു രണ്ട്പേരും ഉറക്കമായെന്ന് മനസ്സിലാക്കിയപ്പോള്‍ മുസ്ലിം മതക്കാരന്‍ ആരാഞ്ഞു,
“ഇജ്ജ് ഇസ്ലാമാണാ?”
“അല്ല”
അയാളുടെ മറുപടി പുഞ്ചിരിയോട് കൂടിയായിരുന്നു. പ്രകാശം മറഞ്ഞ മുഖവുമായി ആ മതവിശ്വാസി ഉറക്കത്തെ മാടി വിളിച്ചു. ഇടയ്ക്കെപ്പോഴൊ സ്വകാര്യത്തിലുള്ള ക്രിസ്ത്യാനിയുടെ ചോദ്യത്തിനും അതു തന്നെ ആയിരുന്നു മറുപടി.
മലയോരത്തേക്ക് അവരെ പുലര്‍കാല കോഴിയുടെ ശബ്ദം സ്വീകരിച്ചു. വഴികളില്‍ കിളികള്‍ കലപില ശബ്ദം കൂട്ടി. പക്ഷെ അതിനിടയിലും എവിടെ നിന്നോ കുറുക്കന്മാര്‍ ഓരിയിട്ടു. താഴ്വരയില്‍ ഒരു വിജനമായ പ്രദേശത്തെത്തിയപ്പോള്‍, ഇടിമിന്നല്‍പോലെ മൂന്നുവെട്ടുകത്തികള്‍ അയാളുടെ മേല്‍ പതിച്ചു. അങ്ങനെ ഒരു സര്‍വ്വമത വിശ്വാസികൂടെ ഈ ലോകത്തോട് വിട പറഞ്ഞു.

പൊതിച്ചോറ്

വീണ്ടും മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ വന്ന എന്റെ മറ്റൊരു പരീക്ഷണം....



അവിടവിടെ പരതുന്ന ദേവന്റെ കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങിയിരുന്നു. മുനിസിപ്പാലിറ്റിക്കാര്‍ എത്തുന്നതിനു മുന്‍പ് ചവറ്റുകുട്ടയ്ക്ക് അരികില്‍ എത്തിയതാണ്
അയാള്‍. രണ്ടുദിവസമായി പച്ചവെള്ളമല്ലാതെ മറ്റൊന്നും വിശപ്പകറ്റാനായി അയാള്‍ക്ക്
കിട്ടിയിരുന്നില്ല.
തിന്നാന്‍ ഒന്നും കിട്ടാതെ പിന്തിരിയാന്‍ നില്‍ക്കുമ്പോഴാണ് അയാള്‍ രണ്ടുകാലുകള്‍ കാണുന്നത്. എന്താണതെന്ന് എത്തിനോക്കിയ ദേവന്‍ കണ്ടത് ഒരു മനുഷ്യശവമാണ്. നുരയും പതയും വായില്‍ നിറഞ്ഞുനില്‍ക്കുന്ന ആ മനുഷ്യരൂപത്തെ കണ്ട് അയാള്‍ ഭയന്നോടിയില്ല. കാരണം ദേവന്റെ കണ്ണുകള്‍ ശവത്തിനരികെ കിടന്നിരുന്ന പൊതിയില്‍ ആയിരുന്നു.
വിറയ്ക്കുന്ന കൈകളോടെ ദേവന്‍ ആ പൊതി അഴിച്ചു. പകുതിയോളം കഴിച്ച് ബാക്കിയുണ്ടായിരുന്ന ചോറായിരുന്നു അതില്‍. തനിക്കു ആ പൊതിച്ചോറ് കാണിച്ചുതന്ന ദൈവത്തോട് നന്ദി പറഞ്ഞ് ദേവന്‍ ആര്‍ത്തിയോടെ അതു കഴിച്ചുതുടങ്ങി. ദേവന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരമാലകള്‍ പൊങ്ങി. പക്ഷെ, അങ്ങകലെ മുനിസിപ്പാലിറ്റി വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴേക്കും ദേവന്റെ വായില്‍ നിന്നും നുരയും പതയും വന്നുതുടങ്ങിയിരുന്നു.

ഒരു വാഹനത്തിന്റെ അവസാനം

എന്റെ ആദ്യ കഥ. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി
വെളിച്ചം കണ്ടു.



ഒരു വാഹനത്തിന്റെ അവസാനം
********************************************

ഇതിനുമുന്‍പ് ഞാന്‍ അവനെ കണ്ടത് കുറെ കാലങ്ങള്‍ക്ക് മുന്‍പാണ്. അന്നവന്‍
യാത്രയായപ്പോള്‍ അതവന്റെ അന്ത്യയാത്രയാകുമെന്ന് ഞാന്‍ കരുതിയില്ല.
അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ ഭാരമേറ്റി ജീവിതം ഭാരമാക്കി ജീവിക്കുന്നവരാണല്ലോ
ഞങ്ങള്‍. തന്റെ കരച്ചിലിനെ ഹോണെന്നു കരുതി ആളുകള്‍ വഴിമാറുന്നു. അവന്റെ
ദുഃഖങ്ങളില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നായിരുന്നു അത്. ഇന്ന് രാവിലെ വര്‍ക്ക്ഷാപ്പിനു
മുന്‍പിലാണ് ഞാനവനെ കണ്ടത്. കരിയും പൊടിയും പിടിച്ച് തുരുമ്പിന്റെ
അധീനതയില്‍ ആയിരുന്ന അവന്റെ മുഖത്തെ ദു:ഖഭാവം എങ്ങോ പോയിരുന്നു.
ദുഃഖത്തിന്റെ ലോകത്തില്‍ ജീവിച്ച അവനെ സഹായിച്ചത് ഞങ്ങളുടെ നിത്യശത്രു,
അല്ല ആ സുഹൃത്ത് മാത്രമായിരുന്നു.