Pages

Wednesday, May 20, 2009

സ്വപ്നം

ഇതു ഒരു യാത്ര പറയല്ലല്ല. കാരണം ഞാനെന്റെ യാത്ര തുടങ്ങുകയാണ്. ഞാനിപ്പൊള്‍ ചവിട്ടിയിറങ്ങുന്ന എന്റെ വീടിന്റെ പടികള്‍ എന്നെ എത്തിക്കുന്നത് ഉയരങ്ങളിലേക്കകട്ടെ എന്നു ഞാന്‍ പ്രാത്ഥിക്കുന്നു. അതെ,പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കുമുളള എന്റെ യാത്രക്ക് ഇവിടെ തുടക്കമാവുകയാണ്.

ഇംഗ്ളണ്ടില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന എംബിഎ മാസ്റ്റര്‍ ഡിഗ്രിയൊ, എന്റെ ജീവിതത്തിലെ ആദ്യ വിമാനയാത്രയോ അല്ല ഇപ്പൊള്‍ എന്റെ മനസ്സില്‍ ഉളളത്, എന്തെല്ലാമൊ എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മാത്രമാണ്. എന്റെ നെഞ്ച് നിറഞ്ഞ് ചങ്ക് വരെ എത്തി നില്‍ക്കുന്ന ഒരു വേദന മാത്രമാണ് ഞാനിപ്പോള്‍ അറിയുന്നത്. കാറ് നീങ്ങിതുടങ്ങി. പിന്നില്‍ വെല്ല്യച്ചന്മാരും വെല്ല്യമ്മമരും ചേട്ടന്മാരും ചേച്ചികളും കുട്ടികളും എല്ലാം ഉണ്ട്. അവര്‍ക്ക് പിന്നില്‍ ഞാന്‍ കളിച്ചു വളര്‍ന്ന വീടും. കഴിഞ്ഞ ഇരുപത്തിമൂന്ന് കൊല്ലം എന്റെ ഓരൊ ശ്വാസത്തിലും ഞാനറിഞ്ഞ എന്റെ വീട്. ഈ കൊച്ചു ഗ്രാമത്തിലെ മണ്ണും മരവും പുഴയും കിളിയും എല്ലാം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു.

കാറിന്റെയുള്ളില്‍ അമ്മ എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. അമ്മയുടെ കണ്ണുകള്ളില്‍ ഇല്ലെങ്കിലും
മനസ്സില്‍ പെയ്തുനിറയുന്ന കണ്ണുനീരിന്റെ ശബ്ദം എനിക്കു കേള്‍ക്കാം. അനിയത്തി എന്റെ തോളില്‍ ചാരികിടന്ന്‍ ഉറങ്ങുകയാണ്. അച്ഛന്‍ ഒന്നും മിണ്ടുന്നില്ല. എന്നാലും അച്ഛന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശമുണ്ട്. എനിക്കറിയാം ആ വെളിച്ചത്തിനുള്ളില്‍ എവിടെയോ ഞാനുണ്ട്. അത് കെടാതെ നോക്കുകയാണ് ഇനിയെന്റെ കര്‍മ്മം. അതൊരു സൂര്യപ്രകാശമാക്കുകയാണു ഇനിയെന്റെ സ്വപ്നം.

ഞാനിപ്പോള്‍ വിമാനത്താവളത്തിന്റെ ഉള്ളില്‍ ആണ്. എനിക്ക് പുറകിലെ ചില്ലുവാതിലിനും അപ്പുറത്ത് അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്. ഞാന്‍ തിരിഞ്ഞ്നോക്കുന്നില്ല, എങ്കിലും എനിക്കവരെ കാണാം. എനിക്കറിയാം, കണ്ണീരിന്റെ മൂടുപടത്തില്‍ കൂടിയും അമ്മ എന്നെ വ്യക്തമായി കാണുന്നുണ്ട്, അനിയത്തി എന്നോട് സംസാരിക്കുന്നുണ്ട്, അച്ഛന്‍ എന്നെ അനുഗ്രഹിക്കുന്നുണ്ട്. എനിക്കറിയാം... എന്റെ സ്വപ്നങ്ങള്‍ ഇനി ഇവര്‍ക്കുള്ളതാണ്.

ഞാന്‍ ഇഷ്ടപ്പെടുന്ന, എന്നെ ഇഷ്ടപ്പെടുന്ന എന്റെ നാട്ടിലേക്ക് തിരിച്ച് വരുന്നതാണ്, ജയിച്ച്കൊണ്ട്,അഭിമാനത്തോടെ തിരിച്ച് വരുന്നതാണ് ഇനിയെന്റെ സ്വപ്നം. ആ സ്വപ്നത്തില്‍ ആണ് ഇനി എന്റെ ഓരൊ ശ്വാസവും, അതെ ആ സ്വപ്നത്തില്‍ ആണ് ഇനിയെന്റെ ജീവിതം.